ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം

കഴിഞ്ഞ നൂറ്റാണ്ട് ഈ നാടിന്റെ മുഖഛായയില്‍ സ്വാഭാവികമായും കാര്യമായ മാറ്റങ്ങള്‍ വരുത്തി തീര്‍ത്തിരുന്നു. പ്രധാനമായും കൊല്ലം-ചെങ്കോട്ട (ഇന്നത്തെ കൊല്ലം-തിരുമംഗലം ദേശീയപാത 208) റോഡിന്റെ പഴയ റൂട്ട് മാറി ഇന്നത്തെ റൂട്ട് നിലവില്‍ വന്നതാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. പഴയ കൊല്ലം-ചെങ്കോട്ട പാത കടന്നുപോയ വഴി ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണ്. കൊട്ടാരക്കര കിഴക്കേതെരുവ് കുരീപ്പള്ളിക്കു പടിഞ്ഞാറു നിന്നും വടക്കോട്ട് കുരപതിനെട്ടാം പടിവെട്ടുകുഴിപറങ്കിമാംമുകള്‍, പഴഞ്ഞിതോട് എന്നിവിടങ്ങളിലൂടെ മുട്ടത്തുകടവില്‍ വന്നു കവലയില്‍ ക്ഷേത്രത്തിനു തെക്കു വശത്തുകൂടി പുന്നല വഴി കറവൂര്‍ മാമ്പഴത്തറ വന്നു രണ്ടായി പിരിഞ്ഞ് ഒരു പാത അച്ചന്‍ കോവിലിലേക്കും മറ്റൊന്നു ഒറ്റക്കല്ലിലേക്കും പോയിരുന്നു. പതിനെട്ടാം പടിയില്‍ നിന്നും മറ്റൊരു വഴി കിഴക്കോട്ടു വന്നു പടിഞ്ഞാറ്റിന്‍കര ലബ്ബയുടെ വീടിനു വടക്കുവശത്തു കൂടി കിടങ്ങയില്‍ ഭഗവതി ക്ഷേത്രത്തിനു തെക്കുവശത്തു വന്നു ഇളമ്പല്‍ അമ്മവീടിനു വടക്കുവശത്തു കൂടി ആരംമ്പുന്ന അറപ്പുര വീടിനു സമീപത്തു കൂടി കിഴക്കോട്ടു വന്നു പുനലൂര്‍ മഹാദേവ ക്ഷേത്രത്തിനു വടക്കുവശത്തുള്ള വലിയ ഇടവഴിയില്‍ കൂടി കല്ലടയാറ്റിലിറങ്ങി ചാലിയക്കര വഴി മാമ്പഴത്തറ മുന്‍പറഞ്ഞ പാതയില്‍ വന്നുചേരുന്നുണ്ടായിരുന്നു. കല്ലടയാര്‍ 2 കി.മി ദുരം ഈ പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെയാണ് ഒഴുകുന്നത്. പഞ്ചായത്തില്‍ പട്ടണ സ്വഭാവത്തോടെ വളര്‍ന്നു വരുന്ന പ്രദേശം കുന്നിക്കോടാണ്. മാര്‍ക്കറ്റ്, കന്നുകാലി ചന്തപട്ടാഴി, തലവൂര്‍ മേലില എന്നിവിടങ്ങളിലേക്കു തിരിയുന്ന ജംഗ്ഷന്‍ എന്നീ നിലയില്‍ കുന്നിക്കോടിന് വളര്‍ച്ച ഇനിയും വേണ്ടവിധമായിട്ടില്ല. ആവണീശ്വരത്താണ് പഞ്ചായത്തിലെ ഏക റയില്‍വേ സ്റ്റേഷന്‍.1953-ല്‍ ഇന്നത്തെ പഞ്ചായത്തുകള്‍ നിലവില്‍ വരുന്നതിനു മുമ്പ് കൊല്ല വര്‍ഷം 1123-ല്‍ വില്ലേജ് യൂണിയനുകളായിരുന്നു ഗ്രാമഭരണം നടത്തിയിരുന്നത്. സര്‍ക്കാര്‍ നോമിനേറ്റു ചെയ്യുന്ന മെമ്പറന്മാരെ കൂടാതെ തഹസീല്‍ദാര്‍, പ്രവര്‍ത്തിയാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പൊതുമരാമത്ത് എഞ്ചിനിയര്‍ എന്നിവരും ഈ സമിതികളില്‍ അംഗങ്ങളായിരുന്നു. 1953-ല്‍ നിലവില്‍ വന്ന തെരഞ്ഞെടുക്കപ്പെട്ട സമിതി പഞ്ചായത്തു ഭരണമേല്ക്കുമ്പോള്‍ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലുള്ള വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം കാവു പുറമ്പോക്കായിരുന്നു. ഈ സ്ഥലത്താണു ഇന്നു പഞ്ചായത്താഫീസ് കോംപ്ളക്സ് സ്ഥിതി ചെയ്യുന്നത്. അവശേഷിച്ച കാവു പുറമ്പോക്ക് പല സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കി. പഞ്ചായത്തിനു പതിച്ചു നല്‍കിയ സ്ഥലത്തിനടുത്ത് ഒരു സര്‍പ്പക്കാവ് (ഏതാനും ഇലഞ്ഞി വൃക്ഷങ്ങളും സര്‍പ്പ വിഗ്രഹങ്ങളും) സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ സന്ധ്യയ്ക്കു വിളക്കു വെയ്പും കന്നിമാസത്തിലെ ആയില്യത്തിന് നൂറും പാലും ചടങ്ങും മുടങ്ങാതെ നടക്കുന്നുണ്ട്. പഞ്ചായത്തു രൂപീകരിക്കുമ്പോള്‍ 7 വാര്‍ഡുകള്‍ ഉണ്ടായിരുന്നു.   പി. ജെ. ജോണ്‍ (പാപ്പച്ചന്‍ ) ആയിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട്. ഈ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണു കഴിയുന്നത്. വിരലിലെണ്ണാവുന്ന കശുവണ്ടി ഫാക്ടറികളും ചുടുകട്ട ചൂളകളും പരിമിതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ വ്യാപകമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായിട്ടില്ല.  കൃഷി ഭൂമിയില്‍ കൂടുതലും റബ്ബര്‍ കൃഷിക്കാണു ഉപയോഗിച്ചു വരുന്നത്. ടാപ്പിംഗ് ജോലി കൊണ്ട് ഉപജീവനം കഴിക്കുന്ന കുറെ തൊഴിലാളികള്‍ പഞ്ചായത്തിലുണ്ട്.