ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയില്‍ പത്തനാപുരം ബ്ളോക്കില്‍പ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് വിളക്കുടി. പഞ്ചായത്തിന്റെ ആകെ വിസ്തൃതി 2143 ഹെക്ടര്‍ ആണ്. കൊല്ലം ടൌണില്‍ നിന്നും ഏകദേശം 34 കി.മി കിഴക്കുമാറി വിളക്കുടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക് തലവൂര്‍ , പിറവന്തൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്ക് പുനലൂര്‍ മുനിസിപ്പാലിറ്റിയും തെക്ക് കരവാളൂര്‍ , വെട്ടിക്കവല, മേലില എന്നീ പഞ്ചായത്തുകളും പടിഞ്ഞാറ് തലവൂര്‍ പഞ്ചായത്തുമാണ് വിളക്കുടിയുമായി അതിര്‍ത്തി പങ്കു വയ്ക്കുന്നത്. കല്ലടയാറിന്റെ ചെറിയൊരുഭാഗം (2.25 കി.മി) പഞ്ചായത്തിന്റെ കിഴക്കുഭാഗത്തു കൂടി ഒഴുകുന്നു. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി പഞ്ചായത്തിനെ ഇടനാട്ടിലാണ് പെടുത്തിയിരിക്കുന്നത്. ഭൂപ്രകൃതി അനുസരിച്ച് വിളക്കുടി പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, കുത്തനെ ചെരിവ്, ഇടത്തരം ചെരിവ്, താഴ്വര എന്നിങ്ങനെ പ്രധാനമായും നാലു ഭൂരുപങ്ങളായി തിരിക്കാം. പഞ്ചായത്തിലെ ഉയര്‍ന്ന സമതലങ്ങള്‍ ഭൂരിഭാഗവും 100 മീറ്ററോ അതിനു മുകളിലോ സ്ഥിതി ചെയ്യുന്നു. ചില ഭാഗങ്ങള്‍ 80 മീറ്ററിനും അപൂര്‍വ്വം ചില ഭാഗങ്ങല്‍ 40 മീറ്ററിനും മുകളില്‍ കാണപ്പെടുന്നു. 80 മീറ്ററോ അതിനു മുകളിലോ വരുന്ന സമതലങ്ങള്‍ പൊതുവേ ജലക്ഷാമം രൂക്ഷമാണ്. ഈ ഭാഗങ്ങളില്‍ ചെരിവ് കുറവായതിനാല്‍ മണ്ണൊലിപ്പ് കുറവാണ്. പ്രധാന മണ്‍തരം ഇവിടങ്ങളില്‍ ചെങ്കല്‍ മണ്ണാണ്. 80 മീറ്ററിനു മുകളിലുള്ള സമതലങ്ങളില്‍ മിക്കവാറും റബ്ബര്‍ കൃഷിയാണ് കൂടുതല്‍. ഇവിടെ മിശ്രിത കൃഷികള്‍ കാണപ്പെടുന്നു. റബ്ബറും കൃഷി ചെയ്യുന്നുണ്ട്. മഞ്ഞമണ്‍കാല, മരങ്ങാട്, ചെമ്പുമല, താവളത്തിന് വടക്കും തെക്കുമുളള മലമ്പ്രദേശങ്ങള്‍, ആവണീശ്വരത്തിന് കിഴക്കും പടിഞ്ഞാറുമുള്ള മലകള്‍, വിളക്കുടിക്ക് തെക്ക് കാരൃറ തുടങ്ങിയ പ്രദേശങ്ങള്‍ 80 മീറ്ററിന് മുകളിലുള്ള സമതല പ്രദേശങ്ങളാണ്. ആവണീശ്വരത്തിന് പടിഞ്ഞാറും കുന്നിക്കോട്, വിളക്കുടി വടക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ 80 മീറ്ററിന് താഴെയുള്ള ചെറിയ ചെറിയ സമതലങ്ങള്‍ കാണപ്പെടുന്നു. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 4.95 പ്രദേശങ്ങള്‍ (106 ഹെക്ടര്‍) ഈ മേഖലയില്‍പ്പെടുന്നു. ഉയര്‍ന്ന സമതലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഭൂരൂപം കുത്തനെ ചെരിവുള്ള പ്രദേശങ്ങളാണ് പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 21 ശതമാനം (450 ഹെക്ടര്‍ ) പ്രദേശങ്ങള്‍ ഈ മേഖലയില്‍പ്പെടുത്താം. ഉയര്‍ന്ന സമതലങ്ങളില്‍ നിന്നും വരുന്ന പ്രദേശങ്ങളാണ് ഈ ചെരിവു പ്രദേശങ്ങള്‍. മുതുകുന്നം, മഞ്ഞമണ്‍കാല, കാരിയറ, താവളം, ചെമ്പുമല, കുളപ്പാറ, പച്ചിലമല തുടങ്ങിയ ഭാഗങ്ങള്‍ ഇതില്‍പ്പെടുന്നു. ഈ ഭാഗങ്ങലില്‍ ചെരിവു കൂടുതലായതിനാല്‍ മണ്ണൊലിപ്പു ധാരാളമായി കണ്ടുവരുന്നു. ഈ ഭാഗത്തെ പ്രധാന കൃഷി റബ്ബറാണ്. മിശ്രിത വിളകളും അപൂര്‍വ്വമായി കാണപ്പെടുന്നു. ചെമ്പുമല, പെച്ചിലമല, കുളപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ മണ്ണൊലിപ്പു മൂലം ധാരാളം മണ്ണു നഷ്ടപ്പെട്ട് പാറകള്‍ കാണപ്പെടുന്നു. ആറണംകോട്, മീനംകോട്, കുമരം പാറ തുടങ്ങിയ പ്രദേശങ്ങളും ഇതിലുള്‍പ്പെടുന്നു. കുത്തനെ ചെരിവുള്ള പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ടുവരുന്ന ചെരുവുകളാണ് ഇടത്തരം ചെരിവുകള്‍. ഭൂരിഭാഗം പ്രദേശങ്ങളിലും കുത്തനെ ചെരിവുകള്‍ ഇടത്തരം ചെരിവുകളില്‍ വന്നവസാനിക്കുന്നു. ഈ ചെരിവുകളില്‍ ചെരിവു കുറവായതിനാല്‍ മണ്ണൊലിപ്പും കുറവായിട്ടാണ് കാണപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ ചരല്‍ കലര്‍ന്ന ചെങ്കല്‍ മണ്ണാണ് കാണപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ പ്രധാന കൃഷി മിശ്രിത കൃഷികളാണ്. റബ്ബറും കാണപ്പെടുന്നു. ആവണീശ്വരം, കുന്നിക്കോടിന് തെക്കുഭാഗങ്ങള്‍ , വിളക്കുടി, കാര്യറ തെക്ക് ഭാഗങ്ങള്‍ , മരങ്ങാട്, ഇളമ്പല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇടത്തരം ചെരുവുകളാണ് കാണപ്പെടുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 37.47 ശതമാനം (803 ഹെക്ടര്‍ ) പ്രദേശങ്ങള്‍ ഈ ഭൂരൂപത്തില്‍പ്പെടുത്താം.